തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിൽ ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രതി പിടിയിൽ. ജോൺസൺ ഔസേപ്പിനെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വിഷം കഴിച്ചെന്ന് സംശയത്തെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുളള ആളാണ് പ്രതി ജോൺസൺ.
കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. നിരവധി ക്രിമിനല്‍ കേസുകളും ഇയാളുടെ പേരിലുണ്ടെന്നാണ് സൂചന. ഇത് പോലീസ് പരിശോധിക്കുന്നുണ്ട്. എറണാകുളം ചെല്ലാനം സ്വദേശിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.
ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കൃത്യം നിർവഹിച്ച ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്‌കൂട്ടർ കണ്ടെത്തിയത്.
ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ജോൺസനൊപ്പം പോകാത്തതിനാലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. നിരവധി തവണ യുവതിയെ കാണാൻ പ്രതി വീട്ടിലെത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ഇവർ ഒരുമിച്ച് യാത്രര ചെയ്യുകയും ചെയ്തു. ഇക്കാര്യം യുവതിയുടെ ഭർത്താവിനും അറിയാമായിരുന്നു.
ഇയാൾക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്.















