മാനന്തവാടി; വയനാട്ടിൽ വനവാസി സ്ത്രീയുടെ ജീവനെടുത്ത കടുവയെ നരഭോജി കടുവകളിൽ ഉൾപ്പെടുത്തി വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കി സർക്കാർ. വനവാസി സ്ത്രീയായ രാധയെ കടുവ ആക്രമിച്ച പ്രിയദർശിനി എസ്റ്റേറ്റിലെത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. കൂടുവെച്ചു പിടിക്കാമെന്നും മയക്കുവെടി വെയ്‌ക്കാമെന്നും മന്ത്രി പറഞ്ഞെങ്കിലും നാട്ടുകാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിനൊടുവിലാണ് വീണ്ടും ചർച്ചകൾ നടത്തി വനംമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട ശേഷം നരഭോജി കടുവകളിൽ ഉൾപ്പെടുത്തി വെടിവെച്ചു കൊല്ലാൻ അപ്പോൾ തന്നെ ഉത്തരവിറക്കിയത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയതായി സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ. രാമനും അറിയിച്ചു. ഒരാളെ കൊലപ്പെടുത്തിയതുകൊണ്ട് ആ പരിസരത്ത് തന്നെ കടുവ ഇനിയും കാണും. ആ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആർആർടി സംഘത്തെ പ്രദേശത്ത് വിന്യസിക്കുമെന്ന് ഒ.ആർ കേളു പറഞ്ഞു. കടുവയെ പിടികൂടാൻ കൂടും വെയ്‌ക്കും. ഇന്നു തന്നെ കൂട് വയ്‌ക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ മരിക്കുമ്പോൾ നിലവിൽ നഷ്ടപരിഹാരം 10 ലക്ഷമാണ് കൊടുക്കുന്നത്. ഇതിന് പുറമേ ഒരു ലക്ഷം കൂടി ചേർത്ത് 11 ലക്ഷം രാധയുടെ കുടുംബത്തിന് കൊടുക്കാനും തീരുമാനമായി. ഇതിൽ അഞ്ച് ലക്ഷം ഇന്ന് കൊടുക്കും. അവകാശ സർട്ടിഫിക്കേറ്റ് ഉൾപ്പെടെ നൽകുന്ന മുറയ്‌ക്ക് ബാക്കി തുക കൂടി നൽകും.
ഫെൻസിങ് സ്ഥാപിക്കാൻ ടെൻഡർ രണ്ടും മൂന്നും തവണ വെച്ചതാണെന്നും അത് പോകാത്തതുകൊണ്ടാണ് വൈകിയതെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ട് താൻ തന്നെ വെച്ചിട്ടുണ്ട്. ഇനിയും ടെൻഡർ വെച്ച് ഉടനെ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച രാധയുടെ മക്കളിൽ ആർക്കെങ്കിലും ജോലി നൽകുന്ന കാര്യം മന്ത്രിസഭയിൽ ഉന്നയിക്കുമെന്നും നടപ്പാക്കുമെന്നും ഒ.ആർ കേളു ഉറപ്പു നൽകി.
രാവിലെയാണ് കാപ്പിത്തോട്ടത്തിൽ വെച്ച് രാധയെ കടുവ ആക്രമിച്ചത്. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം നീക്കം ചെയ്യാൻ സമ്മതിക്കാതെ പ്രതിഷേധമുയർത്തുകയായിരുന്നു. ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രാധയെ കടുവ ഏറെ ദൂരം വലിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് കുറച്ച് ഭാഗങ്ങൾ ഭക്ഷിച്ച ശേഷമാണ് മൃതദേഹം ഉപേക്ഷിച്ചത്.















