കൽപ്പറ്റ; മാനന്തവാടി പഞ്ചാരകൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) – 163 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിയായാൽ ആളുകളോട് പുറത്തിറങ്ങരുതെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. വൈകിട്ടോടെ കടുവയെ പിടികൂടാൻ കൂട് എത്തിച്ചിരുന്നു. രാധയെ അക്രമിച്ച സ്ഥലത്തിന് സമീപമാണ് ഇത് സ്ഥാപിച്ചത്. ഒരു ഇരയെ കിട്ടിയതിനാൽ കടുവ വീണ്ടും ഇര തേടി ഇതേ പ്രദേശത്ത് ഇറങ്ങാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ.
നരഭോജി കടുവകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഈ കടുവയെ വെടിവച്ചു കൊല്ലാനും ഉത്തരവിട്ടിരുന്നു. ഇതിനായി അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും പഞ്ചാരക്കൊല്ലിയിലേക്ക് എത്തും.
കടുവ ആക്രമിച്ച് കൊന്ന രാധയുടെ മൃതദേഹം കിടന്ന സ്ഥലത്ത്് കാണാൻ പോയവരാണ് വീണ്ടും കടുവയെ കണ്ടത്. രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടുപോയ പാട് നോക്കി വരുന്നതിനിടെയാണ് കടുവയുടേതെന്ന് തോന്നുന്ന മുരൾച്ച കേട്ടത്. വനത്തോട് ചേർന്നുള്ള മേഖലകളിൽ വ്യാപക തിരച്ചലും നടത്തുന്നുണ്ട്. നോർത്ത് വയനാട് തിരുനെല്ലി, വരായാൽ, തലപ്പുഴ, വെള്ളമുണ്ട സ്റ്റേഷനുകളിലെ 100 ഓളം വനംവകുപ്പ് ജീവനക്കാരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
നേരത്തെ മന്ത്രി ഒ.ആർ കേളുവിനെതിരെ ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആശുപത്രിയിലെത്തിയ കളക്ടർക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി.















