വാഷിംഗ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണയെ നിയമ നടപടികൾ നേരിടാൻ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകി യുഎസ് സുപ്രീംകോടതി. വിദേശരാജ്യത്ത് ഒന്നര പതിറ്റാണ്ടിലധികം നീണ്ട ഇന്ത്യയുടെ നിയമപോരാട്ടമാണ് ഇതോടെ വിജയം കണ്ടത്. മുംബൈ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നീതി നേടിക്കൊടുക്കുന്ന വിധി കൂടിയായി യുഎസ് സുപ്രീംകോടതിയുടേത്.
ഇന്ത്യയുടെ ആവശ്യത്തിനെതിരെ യുഎസിൽ തഹാവൂർ ഹുസൈൻ റാണയ്‌ക്ക് നടത്താവുന്ന നിയമപോരാട്ടത്തിനുള്ള അവസാന വഴിയും ഇതോടെ അടഞ്ഞു. തീവ്രവാദികൾക്കെതിരെ കടുത്ത നിലപാട് പുലർത്തുന്ന ട്രംപ് ഭരണകൂടം കൂടി അധികാരത്തിലേറിയതോടെ റാണയുടെ ഇന്ത്യയിലേക്കുള്ള നാടുകടത്തൽ ഇനി എളുപ്പമാകും.
പാകിസ്താൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ ഹുസൈൻ റാണ. മുംബൈ ഭീകരാക്രമണത്തിന് ലഷ്‌കർ ഭീകരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് ആസൂത്രണം നടത്തിയത് റാണയാണെന്ന് തെളിഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാൻ ഫെഡറൽ കോടതികളിലും അപ്പീൽ കോടതികളിലുമായി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് വർഷങ്ങളായി റാണ നിയമപോരാട്ടം നടത്തി വരികയായിരുന്നു. സുപ്രീംകോടതി വിധിയോടെ ഇതിനും അവസാനമായി. നവംബർ 13 നാണ് യുഎസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ സാൻ ഫ്രാൻസിസ്‌കോയിലെ നയൻത് സർക്യൂട്ട് അപ്പീൽ കോടതിയും റാണയുടെ അപ്പീൽ തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി കൂടി റാണയുടെ അപേക്ഷ നിരസിച്ചതോടെ നാടുകടത്തലിനുള്ള തടസങ്ങൾ നീങ്ങി.
2013 ജനുവരിയിൽ ഇല്ലിനോയിസ് ജില്ലാ കോടതി റാണയെ 168 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തീവ്രവാദബന്ധവും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നും ഉൾപ്പെടെയുളള കുറ്റങ്ങളാണ് തഹാവൂർ ഹുസൈൻ റാണയ്‌ക്കെതിരെ ഇന്ത്യയിൽ ചുമത്തിയിട്ടുള്ളത്. ആറ് അമേരിക്കൻ പൗരൻമാർ ഉൾപ്പെടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.















