തമിഴ് സിനിമകളിൽ സഹനടന്റെ വേഷങ്ങളിൽ തിളങ്ങിയ കഞ്ചാ കറുപ്പിനെതിരെ കേസ്. ചെന്നൈയിലെ വീട്ടുടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. ചൈന്ന മധുരവയൽ കൃഷ്ണനഗർ സ്വദേശി രമേശാണ് മധുരവയൽ സ്റ്റേഷനിൽ പരാതി നൽകിയത്. ചൈന്നൈയിൽ നടൻ ഷൂട്ടിംഗിന് വരുമ്പോൾ താമസിക്കാൻ വാടകയ്‌ക്ക് എടുത്തിരുന്ന വീടിന്റെ ഉടമയാണ് രമേശ്.
ഇയാൾ 2021-ൽ വാടകയ്‌ക്ക് എടുത്ത വീട് ഇപ്പോൾ മറ്റൊരു കക്ഷിക്ക് മറിച്ച് നൽകിയെന്നും മൂന്ന് ലക്ഷം രൂപ വാടക ഇനത്തിൽ താരം നൽകാനുണ്ടെന്നും രമേശ് നൽകിയ പരാതിയിൽ പറയുന്നു. വീട് മറ്റ് പല സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴിൽ നൂറിലേറെ ചിത്രങ്ങളിൽ ആരംഭിച്ച കഞ്ചാ കറുപ്പ് മലയാളത്തിൽ കീർത്തി ചക്ര എന്ന ചിത്രത്തിലും മുഖം കാണിച്ചിരുന്നു.
സംവിധായകൻ അമീറിന്റെ സഹായത്തോടെയാണ് കഞ്ചാ കറുപ്പ് സിനിമയിലെത്തിയത്. ബാലയുടെ പിതാമഹൻ എന്ന ചിത്രത്തിലൂടെയാണ് കഞ്ചാ കറുപ്പ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് റാം, ചിദംബരത്തിൽ ഒരു അപ്പാസാമി, ശിവകാസി, സണ്ഡക്കോഴി, തിരുപ്പതി, പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം ജനപ്രീയ സിനിമകളുടെ ഭാഗമായി. എന്നാൽ ഇപ്പോൾ തമിഴ്സിനിമ കഞ്ചാ കറുപ്പിൽ നിന്ന് അകന്ന മട്ടാണ്.















