ഹൈദരാബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒൻപത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങൾക്ക് ശേഷം പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വരസിഗുഡയിലെ വാടക വീട്ടിലായിരുന്നു സംഭവം. ജനുവരി 23-നാണ് 45-കാരിയായ മാതാവ് ഉറക്കത്തിനിടെ മരിക്കുന്നത്. വിളിച്ചിട്ട് ഉണരാതിരുന്നതോടെ മക്കൾ അമ്മയുടെ പൾസും ശ്വാസമിടിപ്പും പരിശോധിച്ചു. അമ്മ മരിച്ചെന്ന് മനസിലാക്കിയതോടെ ഇരുവരും വിഷാദത്തിലായി.
വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടി. വെള്ളം മാത്രം കുടിച്ചാണ് ഇവർ ഈ ദിവസങ്ങളിൽ കഴിഞ്ഞത്. ഇടയ്‌ക്ക് ബോധരഹിതരായി വീണെങ്കിലും വീടിന് പുറത്തുവരാൻ ഇവർ തയാറായില്ല. ഒറ്റപ്പെട്ട വീടായതിനാൽ അയൽക്കാരും അറിഞ്ഞില്ല.ദുർഗന്ധവും വീട്ടിൽ നിന്ന് വന്നില്ല. ഒടുവിൽ ജനുവരി 31ന് യുവതികൾ എം.എൽ.എയുടെ ഓഫീസിലെത്തി അമ്മ മരിച്ചെന്നും സംസ്കരിക്കാൻ പണമില്ലെന്നും പറഞ്ഞു. പൊലീസിനെ സമീപിക്കാൻ ഓഫീസിൽ നിന്നറിയിച്ചു ഇതോടെയാണ് വിവരം പുറം ലോകമറിയുന്നത്.
പൊലീസെത്തിയാണ് മൃതേദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്. ബിരുദം പൂർത്തിയാക്കിയ ഒരാൾ സെയിൽസ് ഗേളായും മറ്റൊരാൾ ഇവൻ്റ് മാനേജ് മെൻ്റ് കമ്പനിയിലുമായിരുന്നു ജോലി ചെയിതിരുന്നത്. രണ്ടുമാസമായി ഇവർ ജോലി മതിയാക്കിയിട്ട്. ഇവരുടെ പിതാവ് വർഷങ്ങൾക്ക് മുൻപേ വീട് ഉപേക്ഷിച്ച് പോയിരുന്നു. ഇവർക്ക് ബന്ധുക്കളുമില്ല. യുവതികൾക്ക് കൗസിലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.