മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ അതിവേഗ സെഞ്ച്വറി പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകൾ തകർത്ത താരമാണ് ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ. ഇപ്പോഴിതാ മത്സരശേഷം തന്റെ അമ്മയെയും സഹോദരിയെയും ആലിംഗനം ചെയ്ത് സന്തോഷം പങ്കുവെയ്‌ക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഹൃദയ സ്പർശിയായ വീഡിയോയിൽ അഭിഷേകിന്റെ സഹോദരി കോമൾ തന്റെ സഹോദരന്റെ റെക്കോർഡ് ഇന്നിംഗ്സിന് അഭിനന്ദനമറിയിക്കാൻ ഓടിയെത്തി ആലിംഗനം ചെയ്തു. പിന്നാലെ താരത്തിന്റെ മാതാവും സന്തോഷം പങ്കുവച്ച് മകനെ വാരിപ്പുണർന്നു.
ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ് അഭിഷേക് ഇംഗ്ലണ്ടിനെതിരെ നേടിയത്. വെറും 54 പന്തുകളിൽ നിന്ന് 135 റൺസെടുത്ത താരം 13 സിക്സറുകളും പറത്തി. ഇംഗ്ലണ്ട് ബൗളർമാരെ നിഷ്പ്രഭമാക്കിയുള്ള അഭിഷേകിന്റെ ഇന്നിംഗ്സ് ഇന്ത്യക്ക് 247/9 എന്ന കൂറ്റൻ സ്കോറാണ് സമ്മാനിച്ചത്. മത്സരം 150 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കി. മത്സരശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച അഭിഷേക് തന്നെ പിന്തുണച്ചതിന് പരിശീലകനും ക്യാപ്റ്റനും നന്ദിപറഞ്ഞു.
Abhishek Sharma hugging his sister and mother after the match. 🥺❤️
– Moment of the day! 🌟 pic.twitter.com/a3dRCpZhw4
— Mufaddal Vohra (@mufaddal_vohra) February 3, 2025