ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കുന്നതിനിടെ രണ്ട് പേർ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പർ ജെയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കാണാനില്ലാത്തതിനെ തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്.
രാവിലെ മുതൽ ഡാമിലും പരിസരപ്രദേശങ്ങളിലും ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നു. ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടാണ് ജെയ്സണും സുഹൃത്തുക്കളും എത്തിയത്. എന്നാൽ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. തുടർന്ന് മറ്റ് സുഹൃത്തുക്കളെ പാതിവഴിയിൽ ഇറക്കിയ ശേഷം ജെയ്സണും ബിജുവും വീണ്ടുമെത്തി.
യുവാക്കൾ വീണ്ടും ഡാമിലെത്തിയ വിവരം വാച്ചർ അറിഞ്ഞിരുന്നില്ല. രാവിലെ തേയില തോട്ടത്തിലെത്തിയ തൊഴിലാളികൾ ജെയ്സന്റെ ഫോൺ റിംഗ് ചെയ്തതോടെയാണ് സംശയം തോന്നിയത്. ഡാമിന് സമീപത്തായി ഇവരുടെ വാഹനവും ചെരുപ്പും കണ്ടെത്തി. തുടർന്ന് വനംവകുപ്പിനെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു.