കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ഗാന്ധിനഗർ ഫോറൻസിക് സയൻസ് ലെബോറട്ടറിയിൽ നടത്തിയ ലെയർ വോയിസ് അനാലിസിസ് ടെസ്റ്റിൽ പ്രതി വിജയകരമായി മറികടന്നിരുന്നു. സംശയിക്കുന്ന ആളുടെ മാനസികാവസ്ഥ മനസിലാക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.
35-കാരിയായ വിവാഹിതയായ ദയയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. രൂപാവതി ഗ്രാമത്തിലെ ദയയെ 2024 ജനുവരി 2നാണ് കാണാതായത്. 9.60 ലക്ഷവും സ്വർണവുമായി വീടുവിട്ട യുവതിയുടെ ഭർത്താവാണ് പരാതി നൽകിയിരുന്നത്. ഇവർക്ക് ഒരു 11-കാരനായ മകനുമുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് പൊലീസിന് മനസിലായി. ഹാർദിക്കിനെ പൊലീസ് പ്രതികളുടെ ലിസ്റ്റിൽ ആദ്യം മുതലെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പാെലീസിനെ വഴിതെറ്റിക്കാൻ ഇയാൾ മറ്റൊരു തിരക്കഥയും മെനഞ്ഞിരുന്നു. രാഹുൽ എന്ന യുവാവിനൊപ്പം യുവതി ഒളിച്ചോടിയെന്നായിരുന്നു ഇത്.
പൊലീസിന് തെളിവുകളുടെ അഭാവത്തിൽ ഹാർദിക്കിനെ അറസ്റ്റ് ചെയ്യാനായിരുന്നില്ല. പിന്നീട് സാഹചര്യ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിച്ചത്ത് വന്നത്. ഫെബ്രുവരി 27ന് പൊലീസ് യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ഇത് പോസ്റ്റുമോർട്ടത്തിന് അയച്ചു.
യുവതിക്ക് ഹാർദിക്കിനെ വിവാഹം കഴിക്കണായിരുന്നു. എന്നാൽ പ്രതിക്ക് താത്പ്പര്യമില്ലായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത്. ജനുവരി മൂന്നിന് കൊല നടത്തി. ഗ്രാമത്തിലെ അതിർത്തിയിൽ എത്തിച്ച് കല്ലുകാെണ്ട് ഇടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ശേഷം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് മുൻപ് ഇരുവരും ഒരു ഹോട്ടലിൽ താമസിച്ചിരുന്നു.