ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിംഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് 30ൽ നിൽക്കെ എട്ടു റൺസുമായി ഗില്ല് മടങ്ങിയത് തിരിച്ചടിയായി. താെട്ടുപിന്നാലെ രോഹിത് ശർമയും 28 റൺസിൽ എൽ ബിയിൽ കുരുങ്ങി പുറത്തായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യറും വിരാടും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
ക്ഷമയോടെ ബാറ്റ് വീശിയ ഇരുവരും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും ഇരുവരും റൺ കണ്ടെത്തി. ഇതിനിടെ കോലി 53 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെ ശ്രേയസ് അയ്യറെ പുറത്താക്കി ആദം സാംപ ഇന്ത്യയെ വിറപ്പിച്ചു. 91 റൺസിന്റെ കൂട്ടുകെട്ടാണ് പൊളിച്ചത്.
45 റൺസുമായി അയ്യർ കൂടാരം കയറി. എന്നാൽ തുടർന്നെത്തിയ അക്സർ കോലിക്ക് ശക്തമായി പിന്തുണ നൽകി. എന്നാൽ 27 റൺസെടുത്ത താരത്തെ നഥാൻ എല്ലിസ് പുറത്താക്കി. 69 റൺസുമായി കോലിയും ബാറ്റിംഗ് തുടരുകയാണ്. 44 റൺസാണ് ഇരുവരും ഇതുവരെ ചേർത്തത്. 36 ഓവറിൽ 180/4 എന്ന നിലയിലാണ് ഇന്ത്യ. ഫൈനലിലേക്ക് ഇനി 88 പന്തിൽ 85 റൺസാണ് വേണ്ടത്.( ഈ വാർത്ത നൽകും വരെ)















