ലക്നൗ : ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ക്രിക്കറ്റ് ആരാധകർ. വാരണാസിയിലെ സാരംഗ് നാഥ് മഹാദേവ ക്ഷേത്രത്തിലാണ് ആരാധകർ പ്രാർത്ഥന നടത്തിയത്. മുതിർന്നവർ ഉൾപ്പെടെ മുപ്പത്തിലധികം ആളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.
ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക പൂജ നടത്തിയ ആരാധകർ, വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ താരങ്ങളുടെ ഫോട്ടോകൾ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. കൺപൂരിലെ രാധ മാധവ് ക്ഷേത്രത്തിലും ഇന്ത്യൻ ടീമിന് വേണ്ടി പൂജകൾ നടന്നു. ഓരോ താരങ്ങളുടെ പേരിലും പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ആരാധകർ മടങ്ങിയത്. വാരണാസിയിലെ ഗംഗാ രാജ്ഘട്ടിൽ ആരതി നടത്താനും ഒരു കൂട്ടം ആരാധകർ എത്തിയിരുന്നു.
ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ശുഭപ്രതീക്ഷയിലാണ് ആരാധകർ. 25 വർഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുമെന്നും ഇന്ത്യൻ ടീം ഉജ്ജ്വല നേട്ടം കൈവരിക്കുമെന്നും ക്രിക്കറ്റ് പരിശീലകനായ സെയ്ഫ് അഹമ്മദ് പ്രതികരിച്ചു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ആവേശകരമായ മത്സരമായിരിക്കും നടക്കാൻ പോകുന്നത്. ഇന്ത്യ വിജയിക്കുമെന്ന് പരിപൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസിസി ട്രോഫി ഇന്ത്യയിലേക്ക് വരുമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മാതൃ സഹോദരൻ പ്രതികരിച്ചു. അവധി ദിവസമായതിനാൽ മത്സരം ആദ്യം മുതൽ അവസാനം വരെ കാണാൻ കഴിയുന്നതിന്റെ സന്തോഷവും ആരാധകർ പങ്കുവക്കുന്നുണ്ട്. ഇന്ത്യ അഭിമാനത്തോടെ ട്രോഫി ഉയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ്. വളരെ കാലത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കുന്നത്. ഫൈനലിൽ നമ്മുടെ ടീം ഗംഭീര പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇന്ത്യയ്‌ക്കും ന്യൂസിലാൻഡിനും ഈ മത്സരം നിർണായകമാണെന്നും ആരാധകൻ പറയുന്നു.