കോഴിക്കോട്: ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിനെതിരെ കൂടുതൽ തെളിവുകൾ. യാസിറിന്റെ കയ്യിൽ നിന്ന് രണ്ട് കത്തികൾ പൊലീസ് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് യാസറിന്റെ പക്കൽ നിന്നും ആയുധങ്ങൾ പിടികൂടിയത്. ഇതിനിടെ ഷിബില സാമൂഹികപ്രവർത്തകയോട് പറഞ്ഞ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
യാസിറിന്റെ ലൈംഗിക വൈകൃതത്തിന് താൻ ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് ഷിബില സാമൂഹിക പ്രവർത്തകയോട് പറഞ്ഞിരുന്നു. മുമ്പ് ഷിബില നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും യാസിറിനെയും പൊലീസ് വിളിപ്പിച്ചിരുന്നു. ഷിബില തന്റെയൊപ്പം വരണം എന്നതായിരുന്നു യാസിറിന്റെ ആവശ്യം. എന്നാൽ യാസിറിന്റെ കൂടെ പോകാൻ ഷിബില വിസമ്മതിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സാമൂഹികപ്രവർത്തകയോട് ഷിബില മനസുതുറന്ന് സംസാരിച്ചത്. യാസിർ തന്നെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി. താങ്ങാനുകുന്നതിലും അപ്പുറം വേദന താൻ സഹിക്കുന്നുണ്ടെന്നും ഷിബില പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷിബിലയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. യുവതിയുടെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. ചെറിയ കത്തി ഉപയോഗിച്ച് കുത്തിയ മുറിവുകളും കണ്ടെത്തിയിരുന്നു. ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചാണ് യാസിർ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. യാസിറിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ ഇന്ന് നൽകും.















