വാഷിംഗ്ടൺ: അമേരിക്കയിൽ രണ്ടുവർഷം താത്കാലികമായി താമസിക്കാൻ അനുവദിക്കുന്ന പ്രത്യേക ‘പരോൾ’ പദ്ധതി റദ്ദാക്കിയതിന്റെ ഭാഗമായി യുഎസിൽ നിന്ന് പുറത്തുപോകേണ്ടി വരിക 5,30,000 പേർ. ക്യൂബ, ഹെയ്തി, നികരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബൈഡൻ ഭരണകാലത്ത് പ്രത്യേക പദ്ധതി ഉപയോഗിച്ച് അമേരിക്കയിലേക്ക് കുടിയേറിയത്. ഇവരെല്ലാം ഉടൻ നാടുവിടേണ്ടി വരും. കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ച പുതിയ നയങ്ങളുടെ ഭാഗമായാണ് നടപടി. ഏപ്രിൽ 24നകം ഇവർ അമേരിക്ക വിടണമെന്നാണ് നിർദേശം.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് കുടിയേറ്റക്കാർക്ക് അനുവദിച്ച രണ്ടുവർഷത്തെ ‘പരോൾ’ അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അമേരിക്കയിൽ സ്പോൺസർമാർ ഉണ്ടെങ്കിൽ വ്യോമമാർഗം വഴി രാജ്യത്തേക്ക് പ്രവേശിക്കാനും രണ്ടുവർഷം തങ്ങാനും ജോലി ചെയ്യാനും കഴിയുന്ന പ്രത്യേക പദ്ധതിയാണ് ട്രംപ് റദ്ദാക്കിയത്. ഈ പ്രത്യേക പദ്ധതി പ്രകാരം അമേരിക്കയിൽ എത്തിയതിന് ശേഷം വിസ കാലാവധി കഴിഞ്ഞെങ്കിലും ഇപ്പോഴും അമേരിക്കയിൽ തങ്ങുന്ന നിരവധി കുടിയേറ്റക്കാർ ഇക്കൂട്ടത്തിലുണ്ടെന്ന് ട്രംപ് ഭരണകൂടം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2022ൽ ജോ ബൈഡൻ ആരംഭിച്ച പരോൾ എൻട്രി പ്രോഗ്രാം ആദ്യഘട്ടത്തിൽ വെനസ്വേലയിൽ നിന്നുള്ളവർക്ക് വേണ്ടി മാത്രമായിരുന്നു. 2023ൽ ക്യൂബ, ഹെയ്തി, നികരാഗ്വ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ പദ്ധതി വ്യാപിപ്പിച്ചു. കുടിയേറ്റത്തെ നിയന്ത്രിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അക്ഷരംപ്രതി നടപ്പിലാക്കാൻ തയ്യാറായ ട്രംപ്, അധികാരത്തിലേറിയ അന്നുതന്നെ പരോൾ പ്രോഗ്രാം റദ്ദാക്കി. 2022 മുതൽ രാജ്യത്തേക്ക് കുടിയേറിയ അഞ്ച് ലക്ഷത്തിലധികം വരുന്ന ആളുകൾ ഒരുമാസത്തിനകം ഇനി നാടുവിടേണ്ടി വരുമെന്ന് ചുരുക്കം.















