ഏവരും കാത്തരിക്കുന്ന മത്സരത്തിനാണ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി ഏഴരയ്‌ക്ക് ചെന്നൈയും ആർ.സി.ബിയും ഏറ്റുമുട്ടും. നേർക്കുനേർ വന്നപ്പോൾ 11 തവണ ബെംഗളൂരുവും 22 തവണ ചെന്നൈയും വിജയം നുണഞ്ഞു. ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമാണ് കോലിയുടെ ആർ.സി.ബിക്ക് ജയിക്കാനായത്. അതും ഉദ്ഘാടന സീസണിൽ മാത്രം. കഴിഞ്ഞ 17 കൊല്ലമായി തോൽക്കാനായിരുന്നു ആർ.സി.ബിയുടെ വിധി. അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ നിർണായക വിജയം നേടി ആർ.സി.ബി പ്ലേ ഓഫിലേക്ക് കടന്നിരുന്നു. മത്സരം ചെന്നൈയിലായിരുന്നില്ല.
ചെപ്പോക്കിലെ സാഹചര്യങ്ങൾക്ക് ചെന്നൈക്ക് അനുകൂലമാണ്. സ്പിന്നർമാരായ നൂർ അഹമ്മദ്, അശ്വിൻ, ജഡേജ എന്നിവർ ആതിഥേയരുടെ കരുത്ത് ഇരട്ടിയാക്കും. ഇവരുടെ 12 ഓവർ അതിജീവിക്കുകയാകും ആർ.സി.ബിയുടെ വെല്ലുവിളി. അതേസമയം ആർ.സി.ബിക്കായി വെറ്ററൻ താരം ഭുവനേശ്വർ കുമാർ ഇന്ന് കളിച്ചേക്കും. ലെഗ്സ്പിന്നിംഗ് ഓൾറൗണ്ടറായ മോഹിത് റാത്തീയും ഇടം കൈയൻ സ്പിന്നറായ സ്വപ്നിൽ സിംഗും പരിഗണിക്കപ്പെടുന്നവരാണ്. അങ്ങനെയെങ്കിൽ ദേവ്ദത്ത് പടിക്കൽ പുറത്താകും. ഭുവനേശ്വർ വന്നാൽ റാസിഖ് സലാം ബെഞ്ചിലിരിക്കും. മത്സരം രാത്രി 7.30ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.