പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതുകണ്ട് പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് എഫ്‌ഐആർ. സംഭവത്തിൽ 23 കാരനായ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്
അഴൂർ സ്വദേശി ആവണിയാണ് മരിച്ചത്. അച്ചൻകോവിലാറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം വലഞ്ചുഴി ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. ആദ്യം ആറ്റിലേക്ക് കാൽവഴുതി വീണു എന്ന വിവരമായിരുന്നു ലഭിച്ചത്.
എന്നാൽ പൊലീസിന് സംശയം തോന്നി മാതാപിതാക്കളുടെ മൊഴിയെടുത്തപ്പോഴാണ് ആക്രമണ വിവരം പുറത്തുവന്നത്. അച്ഛന്റെ മൊഴിപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ പേരിൽ അച്ഛനോടും സഹോദരനോടും വഴക്കിടുകയും ഇത് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. ഇത് കണ്ടു മനംനൊന്ത പെൺകുട്ടി ആറ്റിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.