ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ് (Norovirus) ബാധ. യാത്രക്കാരും ജീവനക്കാരുമടക്കം ഇരുന്നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പോവുകയായിരുന്ന ക്വീൻ മേരി-2 എന്ന ക്രൂസ് കപ്പലിലാണ് സംഭവം. വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (CDC) പുറത്തുവിട്ടത്.
ആഡംബരകപ്പലിൽ 2,538 യാത്രക്കാരും 1,232 ജീവനക്കാരും സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരായ 224 പേർക്കും ജീവനക്കാരായ 17 പേർക്കുമാണ് നിലവിൽ രോഗം ബാധിച്ചതെന്ന് സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 18-നായിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയുമാണ് നോറോ വൈറസ് ബാധയുടെ പ്രധാന ലക്ഷണം.
വൈറസ് ബാധ റിപ്പോർട്ട് ചെയ്തതുമുതൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും കപ്പൽ അണുവിമുക്തമാക്കാൻ ശുചീകരണപ്രവൃത്തികൾ നടത്തിയെന്നും ക്വീൻ മേരി-2ന്റെ ഉടമസ്ഥരായ Cunard Lines പ്രസ്താവനയിലൂടെ അറിയിച്ചു. ഓരോ യാത്രക്കാരും പ്രത്യേകം നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചവർ ഐസോലേഷനിലാണെന്നും കമ്പനി വ്യക്തമാക്കി.
നിലവിൽ നോർത്ത്-വെസ്റ്റ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെയാണ് ക്വീൻ മേരി-2 സഞ്ചരിക്കുന്നത്. വൈറസ് പടർന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിൽ തിരികെ സതാംപ്ടണിലേക്ക് തന്നെ തിരിച്ചു. സതാംപ്ടണിൽ നിന്ന് കരീബിയനിലേക്ക് 29 ദിവസത്തെ റൗണ്ട്-ട്രിപ്പിനായി മാർച്ച് എട്ടിനായിരുന്നു കപ്പൽ യാത്ര ആരംഭിച്ചത്. ഏപ്രിൽ ആറിന് അവസാനിക്കുന്ന വിധമായിരുന്നു ആസൂത്രണം ചെയ്തിരുന്നതെങ്കിലും ആദ്യ സ്റ്റോപ്പായ ന്യൂയോർക്കിൽ എത്തിയപ്പോൾ വൈറസ് വ്യാപനം സ്ഥിരീകരിക്കുകയായിരുന്നു.














