പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. എല്ലാ വർഷവും ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകുന്നത് തമാശയല്ലെന്നും നൂറുശതമാനം കർശനമായ നടപടികൾ തീവ്രവാദത്തിനെതിരെ ഉണ്ടകണമെന്നും അദ്ദേഹം പറഞ്ഞു.
“100 ശതമാനം,പാകിസ്താനുമായുള്ള ബന്ധം വിച്ഛേദിക്കണം. കർശന നടപടി ആവശ്യമാണ്. എല്ലാ വർഷവും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം വച്ചുപൊറുപ്പിക്കാൻ കഴിയില്ല.” ഗാംഗുലി പറഞ്ഞു. നേരത്തെ പഹൽഗാം ആക്രമണത്തിനുപിന്നാലെ ഇന്ത്യ പാകിസ്താനുമായി ഒരു ദ്വിരാഷ്‌ട്ര ക്രിക്കറ്റ് മത്സരവും കളിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളായതിനെത്തുടർന്ന് വർഷങ്ങളായി, ഇന്ത്യയും പാകിസ്താനും ഐസിസി ഇവന്റുകളിൽ മാത്രമേ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളു. ടി20, 50 ഓവർ ലോകകപ്പുകൾ, ഐസിസി ചാമ്പ്യൻസ് ട്രോഫി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) സംഘടിപ്പിച്ച ഏഷ്യാ കപ്പ് ഇവന്റുകൾ എന്നിവയിലാണ് ഇരുരാജ്യങ്ങളും കളിച്ചിട്ടുള്ളത്. 2008-ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടില്ല. ഇരു രാജ്യങ്ങളും അവസാനമായി ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിച്ചത് 2012-13 ൽ ഇന്ത്യയിലാണ്. അടുത്തിടെ സംഘടിപ്പിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ തയാറായിരുന്നില്ല. പകരം അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ ഒരു ഹൈബ്രിഡ് മോഡലിൽ കളിച്ചു.