കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പടര്‍ന്നു പിടിച്ച തീ അണച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീയണച്ചത്.
കോഴിക്കോട് ജില്ലയിലെയും പുറത്തുമുള്ള മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ വളരെയേറെ പണിപ്പെട്ടാണ് രാത്രി പത്തരയോടെ തീയണച്ചത്. തീപ്പിടിത്തത്തെ തുടർന്ന് നഗരത്തിലാകെ കട്ടിയുള്ള പുക പരന്നിരുന്നു. പുക അടക്കാനുള്ള ശ്രമം നടക്കുകയാണ്.
വിവിധ അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും കൊണ്ട് വന്നു ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിലെ നിർമിതികളും തകര ഷീറ്റുകളും ആയിരുന്നു തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്നത്. ഇത് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റി. തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല. ഒരുവശത്തുനിന്ന് തീ അണയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്.
ഇന്നലെ വൈകുന്നേരം 4.50 നാണ് തീ പിടിത്തം ഉണ്ടായി എന്ന വിവരം ഫയര്‍ ഫോഴ്‌സില്‍ ആരോ അറിയിച്ചത്. തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ ഒരു യൂണിറ്റ് ഫയര്‍ എന്‍ജിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യത്തിന് ഫയര്‍ എന്‍ജിന്‍ ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമുണ്ടാക്കി.















