തിരുവനന്തപുരം: ഉത്തർപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പരീക്ഷാ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചു പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ വന്നതിനെ തുടർന്ന് കെ ബി പി ഇ ഡോട്ട് കേരള ഡോട്ട് ജി ഒ വി ഡോട്ട് ഇൻ (https://kbpe.kerala.gov.in) എന്ന ഡൊമൈൻ നെയിം പരീക്ഷാഭവന്റേതാക്കി മാറ്റിയിട്ടുണ്ട്. എസ്എസ്എൽസിയുടേതടക്കം വ്യാജ സർട്ടിഫിക്കറ്റുകൾ തട്ടിപ്പുസംഘത്തിനെതിരെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് ഡിജിപിക്കു പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. കേരള പരീക്ഷാ ബോർഡിന്റെ പേരിൽ പുതിയ വെബ്സൈറ്റുമായി സംഘം ഇപ്പോഴും സജീവമാണ്.
നിലവിലെ പരിശോധനയിൽ ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് കെ ബി പി ഇ ഡോട്ട്
ഒ ആർ ജി (https://www.kbpe.org) എന്ന വ്യാജ വെബ്‌സൈറ്റിന്റെ പേര് ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് കേരള ബോർഡ് ഡോട്ട് ഒ ആർ ജി (https://www.keralaboard.org) എന്ന് മാറ്റിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്രസ്തുത സ്ഥാപനം നൽകിയിട്ടുള്ള രണ്ടായിരത്തി എട്ട്, രണ്ടായിരത്തി പതിനഞ്ച്, രണ്ടായിരത്തി പതിനേഴ്, രണ്ടായിരത്തി പത്തൊമ്പത്, രണ്ടായരത്തി ഇരുപത് വർഷങ്ങളിലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ പല സ്ഥാപനങ്ങളിൽ നിന്നായി ആധികാരികത പരിശോധിക്കുന്നതിന് പരീക്ഷാഭവനിൽ ലഭിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ് & ടെക്‌നോളജി, സോഷ്യൽ സയൻസ്, കംമ്പ്യൂട്ടർ സയൻസ് എന്നീ 6 വിഷയങ്ങളിൽ അറുന്നൂറ് മാർക്കിന് പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്നതായി കാണുന്നു.
എസ്എസ്എൽസി സർട്ടിഫിക്കറ്റിനൊപ്പം അതുപയോഗിച്ചു മറ്റു സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു ചേരാനുള്ള വ്യാജ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇവർ നൽകുന്നുണ്ട്.