ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും രണ്ട് എകെ-56 റൈഫിളുകൾ, നാല് മാഗസിനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവയും കണ്ടെടുത്തു.
ഇത് കൂടാതെ 5,400 രൂപയും ഒരു ആധാർ കാർഡും ഭീകരരിൽ നിന്നും പിടികൂടി. ഷോപ്പിയാനിലെ ബാസ്കുച്ചൻ ഇമാംസാഹിബിൽ സൈന്യത്തിന്റെ 44 ആർആർ, പൊലീസ്, 178 സിആർപിഎഫ് എന്നിവർ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഏപ്രിൽ 22 ലെ പഹല്ഗാമി ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സേന തെക്കൻ കശ്മീരിലെ പ്രദേശങ്ങളിലേക്ക് ഭീകരവിരുദ്ധ നീക്കങ്ങൾ ശക്തമാക്കിയിരുന്നു. ഈ മാസം ആദ്യം, ഷോപ്പിയാനിലെ കെല്ലർ പ്രദേശത്തും പുൽവാമയിലെ ത്രാലിലെ നാദർ പ്രദേശത്തും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡറായ ഷാഹിദ് കുറ്റായും ഉൾപ്പെടുന്നു.















