അബുദാബി: അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ പിഴശിക്ഷ ചുമത്തുമെന്ന് അബുദാമി നിയമസഭാ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ആദ്യഘട്ടത്തിൽ 2000 ദിർഹമാണ് പിഴ. പരസ്യത്തിനുള്ള പെർമിറ്റ് പുതുക്കാതെ പരസ്യ പ്രദർശനം തുടർന്നാലും ഇതേ തുകയാണു പിഴ ചുമത്തുക. നിയമലംഘനം ആവർത്തിച്ചാൽ 4000 ദിർഹമാണു പിഴ.
മൂന്നാം തവണയും നിയമലംഘനം തുടർന്നാൽ 8000 ദിർഹമായി വർധിക്കും. പരസ്യബോർഡുകൾക്ക് അനുമതി ലഭിക്കാനും പുതുക്കാനും നിലവിലുള്ളതു റദ്ദാക്കാനും സർക്കാർ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണം. പരസ്യത്തിലെ ഉള്ളടക്കം സഹിതമാകണം അപേക്ഷിക്കേണ്ടത്. പരസ്യപ്പലകയുടെ അളവ്, സുരക്ഷിതമായി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങൾ, കെട്ടിടയുടമയുടെ സമ്മതപത്രം, സ്ഥാപിക്കുന്ന മേഖല/കെട്ടിടം എന്നിവയുടെ ചിത്രവും അപേക്ഷയ്‌ക്കൊപ്പം വയ്‌ക്കണം.
കെട്ടിടങ്ങൾക്കു മുകളിലും മുൻപിലും പരസ്യബോർഡുകൾ വയ്‌ക്കുന്നത് നഗരഭംഗിക്കു കോട്ടം തട്ടാത്ത വിധത്തിലാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. എമിറേറ്റിലെ എല്ലാ മേഖലകളിലും പരസ്യബോർഡുകൾ സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രധാനമാണെന്നും നഗരസഭ വ്യക്തമാക്കി.







