ഐസിസി വനിത ഏകദിന ലോകകപ്പിന്റെ തീയതിയും വേദികളും പ്രഖ്യാപിച്ചു. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നടക്കുന്നത് സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെയാണ് നടത്തുന്നത്. അഞ്ചു വേദികളിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ല. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന വനിത ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലെ കൊളംബോയിൽ നടത്തും. 28 ലീഗ് മത്സരങ്ങൾ റൗണ്ട് -റോബിൻ ഫോർമാറ്റിലാണ് നടത്തുന്നത്.
ബെംഗളൂരു, ഗുവാഹത്തി,ഇൻഡോർ,വിശാഖപട്ടണം,കൊളംബോ എന്നിവയാണ് വേദികൾ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാകുക. എതിരാളികളെ തീരുമാനിച്ചിട്ടില്ല. പാകിസ്ഥാന്റെ യോഗ്യത അനുസരിച്ചാകും നോക്കൗട്ട് മത്സരങ്ങൾക്കുള്ള വേദി തീരുമാനിക്കുക.
ഓക്ടോബർ 29 നും 30 നുമാണ് സെമി ഫൈനലുകൾ. നവംബർ രണ്ടിന് കൊളംബോയിലോ ബെംഗളൂരുവിലോയാണ് ഫൈനൽ. ഇന്ത്യക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക,ന്യൂസിലൻഡ്,ശ്രീലങ്ക,ബംഗ്ലാദേശ്,പാകിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.