കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. അരീക്കര സ്വദേശി അസ്ലമിനാണ് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയതാണ് ജാമ്യം ലഭിക്കാൻ കാരണമെന്നും ഇതിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.
സിപിഎമ്മിന്റെ ഇടപെടൽ മൂലമാണോ പ്രതിക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയതെന്ന് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം ഇടപെട്ടിട്ടുള്ളതായി സംശയമുണ്ടെന്ന് ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഒപി മഹേഷ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലാബ് നടത്തിപ്പുകാരൻ മുഹമ്മദ് അസ്ലമിനെയാണ് സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിയുടെ ലാബിലേക്ക് മാർച്ച് നടത്തുകയും ലാബ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.