നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി. നാളെ പുലർച്ചെ 5.30ന് മോക് പോൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16 നു പൂർത്തിയായി. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസർവ് ഉൾപ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42-ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120-ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225-ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.
മത്സരരംഗത്തുള്ള സ്ഥാനാർഥികൾ
1. അഡ്വ. മോഹൻ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – താമര
2. ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – ബലൂൺ
5. പി.വി അൻവർ (സ്വതന്ത്രൻ) – കത്രിക
6. എൻ. ജയരാജൻ (സ്വതന്ത്രൻ) – ടെലിവിഷൻ
7. പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ) – കിണർ
8. വിജയൻ (സ്വതന്ത്രൻ) – ബാറ്റ്
9. സതീഷ് കുമാർ ജി. (സ്വതന്ത്രൻ) – ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണൻ (സ്വതന്ത്രൻ) – ബാറ്ററി ടോർച്ച്
പുരുഷ വോട്ടർമാർ -1,13,613. വനിതാ വോട്ടർമാർ- 1,18,760, ട്രാൻസ്ജെൻഡർ വോട്ടർമാർ- എട്ട്, ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ-373, സർവീസ് വോട്ടർമാർ-324.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇവരിൽ പ്രിസൈഡിങ് ഓഫീസർമാർ-316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്സർവർമാർ- 10 എന്നിങ്ങനെയാണ് കണക്കുകൾ.
സുരക്ഷയ്‌ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. നിലമ്പൂർ മണ്ഡലത്തിന്റെ പരിധിയിൽ നിലമ്പൂർ, എടക്കര, വഴിക്കടവ്, പോത്തുകൽ, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. ഇലക്ഷൻ ഡ്യൂട്ടിക്കായി നിലമ്പൂർ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂർ, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന നിലമ്പൂർ ഇലക്ഷൻ സബ് ഡിവിഷൻ നിലമ്പൂർ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകൽ എന്നീ പൊലീസ് സ്റ്റേഷനുകൾ എടക്കര ഇലക്ഷൻ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉൾപ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ 263 പോളിംഗ് ബൂത്തുകളെ പോലീസിന്റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു സബ് ഇൻസ്പെക്ടറും രണ്ട് പോലീസുദ്യോഗസ്ഥരും ഉൾപ്പെടും. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരു സബ് ഇൻസ്പെക്ടറും മൂന്ന് പോലീസുദ്യോഗസ്ഥരും ഉൾപ്പെടുന്ന രണ്ട് വീതം എൽ & ഒ പട്രോളിംഗ് വിഭാഗത്തെ നിയോഗിച്ചു. ഇതോടൊപ്പം ഒരു സബ് ഇൻസ്പെക്ടറും നാല് പോലീസുദ്യോഗസ്ഥരും ഉൾപ്പെടുന്ന ക്യൂ ആർ ടി യെയും നിയോഗിച്ചിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഒരു കമ്പനി എ.പി ബറ്റാലിയൻ സേനാംഗങ്ങൾ ഇലക്ഷൻ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്. സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിൽ ഇന്നർ കോർഡോൺ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റൂൺ സി.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടർ കോർഡോൺ ഡ്യൂട്ടിക്കായി നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ആറ് സബ് ഇൻസ്പെക്ടർമാരും രണ്ട് പ്ലാറ്റൂൺ സായുധ സേനാംഗങ്ങളും ഉൾപ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ ദിനത്തിലേക്കാക്കായി കൗണ്ടിംഗ് സ്റ്റേഷനായ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ 14 ഇവിഎം കൗണ്ടിംഗ് ടേബിളുകളും 5 പോസ്റ്റൽ ബാലറ്റ്/സർവീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണൽ ദിനത്തിൽ 21 വീതം കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സ്റ്റാഫുകളും ഏഴ് എ ആർ ഒ മാരും ഉൾപ്പെടെ 91 കൗണ്ടിംഗ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേർ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.















