ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ഫാമിലി എൻ്റർടൈനറായി തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. പുതുമുഖമായ റാനിയ റാണയുടെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു. മേയ് അഞ്ചിനാണ് ചിത്രം തിയേറ്ററിലെത്തിയത്.നാളെയാണ് ചിത്രം സീ5ലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം തമിഴ് പതിപ്പുകൾ ലഭ്യമാകും.
ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജുപിള്ള, ജോണി ആന്റണി, സഫിയ അനിൽ, പാർവതി ആർ ശങ്കരാടി, വിജയ് ജേക്കബ്, അശ്വിൻ ജോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചത്. ബിൻ്റോ സ്റ്റീഫനും ഷാരിസ് മുഹമ്മദും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സാക് നിൽക്ക് റിപ്പോർട്ട് പ്രകാരം ആഗോള ബോക്സോഫീസിൽ 27 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.















