ബെംഗളൂരു: കാമുകനൊപ്പം ജീവിക്കാൻ തടസം നിന്ന ഭർത്താവിനെ ക്രൂരമായി കൊലചെയ്ത് മൃതദേഹം കിണറ്റിൽ തള്ളി ഭാര്യ. കർണാടകയിലെ തുംകുരു ജില്ലയിലുള്ള കടഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ഫാം ഹൗസ് ജീവനക്കാരനായ 50 വയസ്സുള്ള ശങ്കരമൂർത്തിയെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി സുമംഗലയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിപ്തൂരിലെ കൽപടരു ഗേൾസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സുമംഗല കരഡലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായി വിവാഹേതരബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശങ്കരമൂർത്തി തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഭാര്യയും കാമുകനും ശങ്കരമൂർത്തിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയിരുന്നു.
കുറ്റകൃത്യം നടന്ന ദിവസം സുമംഗല ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. ശേഷം വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. കഴുത്തിൽ കാൽപടം അമർത്തി ശ്വാസം മുട്ടിച്ചും കഴുത്തുഞെരിച്ചും മരണം ഉറപ്പുവരുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ചാക്കിൽ കെട്ടി ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിലെ കിണറ്റിലേക്ക് തള്ളുകയായിരുന്നു.
ശങ്കരമൂർത്തിയെ കാണ്മാനില്ലെന്ന പരാതിയിലായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പരിശോധനയിൽ ഇയാളുടെ കിടക്കയിൽ മുളകുപൊടിയുടെ അംശവും ബലപ്രയോഗം നടന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചു. സുമംഗലയെ കൂടുതൽ ചോദ്യം ചെയ്തതിലൂടെയും, അവരുടെ മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ വിശകലനം ചെയ്തതിലൂടെയും, പോലീസ് കൊലപാതക ഗൂഢാലോചനയുടെ ചുരുളഴിച്ചു. പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരിയാണ്.