ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍മാരെ പിന്തള്ളി ലോകത്തെ ഏറ്റവും വിപണി മൂലധനമുള്ള കമ്പനിയായി റെക്കോഡ് സൃഷ്ടിച്ച് എന്‍വിഡിയ. ജെന്‍സന്‍ ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ടെക്‌നോളജി കമ്പനിയുടെ വിപണി മൂല്യം 3.89 ട്രില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംബന്ധിച്ച് യുഎസ് നിക്ഷേപകര്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ തുടങ്ങിയതോടെയാണ് കമ്പനിയുടെ ഓഹരിമൂല്യം ഉയര്‍ന്നത്.
തകര്‍ന്നത് ആപ്പിളിന്റെ റെക്കോഡ്
ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയെന്ന മുന്‍കാല റെക്കോര്‍ഡ് 3.915 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ആപ്പിള്‍ 2024 ഡിസംബര്‍ 26 ന് സ്ഥാപിച്ചതാണ്. ഇതാണ് ആറ് മാസത്തിന് ശേഷം എന്‍വിഡിയ തകര്‍ത്തിരിക്കുന്നത്. നിലവില്‍ 3.7 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് മൈക്രോസോഫ്റ്റ്. 3.19 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ആപ്പിള്‍ മൂന്നാം സ്ഥാനത്താണ്.
സ്‌പെഷ്യലൈസ്ഡ് ചിപ്പുകള്‍
എഐ സാങ്കേതികവിദ്യയാണ് എന്‍വിഡിയയുടെ കരുത്ത്. ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും ഈ മേഖലയില്‍ വെല്ലുവിളിച്ചാണ് എന്‍വിഡിയ മുന്നോട്ടുപോകുന്നത്. കമ്പനിയുടെ സ്‌പെഷ്യലൈസ്ഡ് ചിപ്പുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതാണ് നേട്ടത്തിന്റെ പ്രധാന കാരണം.
വിരാട രൂപം
എന്‍വിഡിയയുടെ വിരാട രൂപം അറിയണമെങ്കില്‍ ചില താരതമ്യങ്ങള്‍ കൂടി വേണം. കനേഡിയന്‍, മെക്‌സിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളുടെ സംയുക്ത മൂല്യത്തേക്കാള്‍ കൂടുതല്‍ മൂല്യമുണ്ട് ഇപ്പോള്‍ എന്‍വിഡിയക്ക്. യുകെയിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും സംയുക്ത മൂല്യത്തേക്കാള്‍ ഉയര്‍ന്ന വിപണി മൂല്യവും എന്‍വിഡിയക്കുണ്ട്.















