കൊച്ചി: ആലുവയിൽ ട്രെയിൻ യാത്രക്കാരന്റെ മൊബൈലും പണവും പിടിച്ചുപറിച്ച ആറംഗ സംഘം പിടിയിൽ. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെട്ട സംഘത്തെ എറണാകുളം റെയിൽവെ പൊലീസാണ് പിടികൂടിയത്. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായവർ. 22ൽ താഴെയാണ് എല്ലാവരുടെയും പ്രായം.
മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് കവർച്ച നടന്നത്. ആലുവയിൽ നിന്നും ട്രെയിനിൽ കയറിയ യാത്രക്കാരന്റെ തലയ്‌ക്കടിച്ച വീഴ്‌ത്തിയാണ് മൊബൈലും പണവും കവർന്നത്. ട്രെയിൽ നിന്നും താഴെ വീണ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് യാത്രക്കാരന്റെ തലയ്‌ക്കടിച്ചതെന്ന് ഡിവൈഎസ്പി ജോർജ് ജോസഫ് പറഞ്ഞു.
മുമ്പും സംഘം ട്രെയിനിൽ സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ ആക്രമണത്തിന് ഇരയായ ഇതരസംസ്ഥാന തൊഴിലാളികൾ പരാതി നൽകാത്തതിനാൽ വിവരം പുറത്തുവന്നിട്ടില്ല. പിടിയിലായ യുവാക്കൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.















