വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് വി.ടി ബൽറാമിനതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലത്തിൽ ഭേലാപൂർ വാർഡിൽ താമസിക്കുന്ന രാംകമൽ ദാസ് എന്നയാൾക്ക് 50 മക്കളുണ്ടെന്നും അവരെല്ലാം ഒരേ വീട്ടിൽ താമസിക്കുന്നുണ്ടെന്നുമാണ്’- വി. ടി ബൽറാമിന്റെ ആരോപണം. കൂടാതെ വോട്ടർ പട്ടികയുടെ ചിത്രവും ബൽറാം പങ്കുവച്ചിട്ടുണ്ട്. ഒപ്പം മഹാഭാരത്തിലെ ധൃതരാഷ്‌ട്രർക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടല്ലോ എന്ന പരിഹാസവും.
എന്നാൽ ഫാക്ട് ചെക്കിൽ പരാജയപ്പെട്ട കാര്യങ്ങളാണ് കോൺഗ്രസ് യുവനേതാവ് പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. യുപി തെരഞ്ഞടുപ്പ് കമ്മീഷണറും അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഖോജ്വ റാം ജാനകി മഠത്തിന്റെ മഹന്ത് ആയ സ്വാമി റാം കമൽദാസ് വേദാന്തിയാണ് ബൽറാം പറഞ്ഞ ഈ വ്യക്തി. ഗുരു-ശിഷ്യ പാരമ്പര്യം പിന്തുടരുന്നവരാണ് ഇവർ. ആശ്രമത്തിൽ പഠിക്കുന്ന വ്യക്തികൾ അവരുടെ ഗുരുവിനെ രക്ഷാകർത്താവായി കണക്കാക്കുന്നു. അതിനാലാണ് വോട്ടർ പട്ടികയിൽ ആശ്രമത്തിലെ വിദ്യാർത്ഥികളുടെ പേരുകളിൽ സ്വാമി രാം കമൽ ദാസിനെ അവരുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധ സന്യാസി മഠങ്ങളും ഇതേ രീതി പിന്തുടരുന്നുണ്ട്.

ഹിന്ദു പാരമ്പര്യത്തെയും സന്യാസി പരമ്പരകളെയും ബോധപൂർവ്വം അപമാനിക്കാനാണ് ഫാക്ട് ചെക്കിൽ പൊളിഞ്ഞ നുണക്കഥയുമായി ബൽറാം എത്തിയതെന്ന വിമർശനമാണ് ഉയരുന്നത്. പോസ്റ്റ് പിൻവലിച്ച് ബൽറാം മാപ്പു പറയണമെന്നും ആവശ്യവും ഉയരുന്നുണ്ട്.















