കൊച്ചി: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന ഡാർക്ക് വെബ് വഴിയുള്ള ലഹരിക്കടത്തിലെ മുഖ്യപ്രതി മലയാളിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൊച്ചി വാഴക്കാല സ്വദേശിയിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നത്. കെറ്റാമെലോൺ എന്ന പേര് ഡാർക്ക് വെബിന് നൽകിയത് ഇയാളായിരുന്നു. പ്രധാന പ്രതിയായ മുവാറ്റുപുഴ സ്വദേശി എഡിസണിൽ നിന്നുമാണ് വാഴക്കാല സ്വദേശിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ലഹരിക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ബിറ്റ്കോയിൻ ആക്കി മാറ്റിയതും ഇയാളായിരുന്നു. ബിറ്റ്കോയിൻ ഉപയോഗിച്ചാണ് വിദേശത്തുള്ള ലഹരി ശ്രംഖലയുമായി ഇടപാട് നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ എൻസിബി ആരംഭിച്ചു.
മെക്കാനിക്കൽ എഞ്ചിനീയറായി യുഎസിൽ ജോലി ചെയ്യുന്ന സമയത്താണ് എഡിസൺ ലഹരി ഇടപാടുകാരെ പരിചയപ്പെട്ടത്. 1000 ത്തിലധികം ലഹരി ഇടപാടുകളാണ് എഡിസൺ രണ്ടു വർഷത്തിനിടെ നടത്തിയത്. എഡിസണെയും എൻസിബി വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.















