ന്യൂഡൽഹി: രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെയും കാറിന്റെയും നികുതി നിരക്കുകൾ കുറയ്‌ക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലാണ് ഇതിന്റെ സൂചനകൾ നൽകിയത്. കാറുകൾ, എസ്‌യുവികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ കൂടാതെ, എയർ കണ്ടീഷണറുകൾ എന്നിവയുടെ നികുതി നിരക്കുകൾ കുറയ്‌ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
നിലവിൽ ചെറിയ കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 1-3 ശതമാനം ചെറിയ സെസ് നിരക്കുകളും ബാധകമാണ്. എസ്‌യുവികൾക്ക് ജിഎസ്ടിയും സെസ് നിരക്കുകളും ഉൾപ്പെടെ 50 ശതമാനം വരെ നികുതിയും ഈടാക്കുന്നുണ്ട്. എന്നാൽ പുതിയ പരിഷ്കരണത്തിൽ വാഹനങ്ങളുടെ എഞ്ചിന്‍ ശേഷിയെ അടിസ്ഥാനമാക്കി ജിഎസ്ടി തരംതിരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചെറിയ കാറുകള്‍ക്ക് കുറഞ്ഞ നികുതി നിരക്കാണ് ചുമത്തുക. ഇത് പ്രകാരം 1200 സിസിയില്‍ താഴെ എഞ്ചിനുള്ള ചെറിയ കാറുകള്‍ ഒരു വിഭാഗത്തിലും, 1200 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള വലിയ കാറുകള്‍ ഉയര്‍ന്ന നികുതിയുള്ള മറ്റൊരു വിഭാഗത്തിലും ഉൾപ്പെടും. തുടർന്ന് ചെറിയ കാറുകളുടെ നികുതി 18 ശതമാനമായി കുറയും.
ദീപാവലിയോടെ സർക്കാർ പുതിയ ജിഎസ്ടി സംവിധാനം അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിലൂടെ ഇന്ത്യൻ വാഹണ വിപണയ്‌ക്ക് ഗുണം ചെയ്യും. ഇലക്ട്രിക് കാറുകളുടെയും ആഡംബര കാറുകളുടെയും ജിഎസ്ടി നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.















