ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഡോ. പി എസ്. മഹേന്ദ്രകുമാർ സമർപ്പിച്ച ഹർജിയാണ് കോടതി അടിയന്തരമായി പരിഗണിക്കുന്നത്.
സെപ്തംബർ 20, ശനിയാഴ്ച നടക്കുന്ന പരിപാടിക്ക് മുൻപ് തന്നെ വാദം കേൾക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി സർക്കാർ നടത്തുന്ന രാഷ്‌ട്രീയ പരിപാടിയാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം പരിപാടിക്ക് അനുമതി നൽകിയാൽ ഭാവിയിൽ മത സംഗമങ്ങളുടെ പേരിലും രാഷ്‌ട്രീയ പരിപാടി നടത്തും. കൂടാതെ പരിസ്ഥിതി ലോല പ്രദേശമായ പമ്പയിൽ തകൃതിയായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പല മുൻകാല കോടതി ഉത്തരവുകളുടെയും നഗ്നമായ ലംഘനമാണ്. ദേവസ്വം ബോർഡിന്റെ പണം ദേവന്റെ പണമാണ്. ഈ പണം ഉപയോഗിച്ച് സംഗമമോ രാഷ്‌ട്രീയ പരിപാടിയോ നടത്താനാകില്ലെന്നതടക്കം അതീവ ഗൗരവകരമായ വിഷയങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഹൈക്കോടതിയിൽ അപ്പിൽ നൽകിയ വി. എസ് അജികുമാറും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ രാഷ്‌ട്രീയ പരിപാടിയാണെന്നും വന നിയമങ്ങൾക്ക് എതിരാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.















