തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് കണ്ടെത്തൽ. തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വലിയ തോതിൽ പണം പലിശയ്‌ക്ക് നൽകുകയും പണം തിരിച്ചടയ്‌ക്കാൻ കഴിയാത്തവരുടെ ഭൂമി സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലാണ് ഭൂമി ഇടപാടുകൾ നടത്തിയിരുന്നത്. സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണി കൃഷ്ണൻ പോറ്റിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ഇയാളുടെ സാമ്പത്തിക ഇടപാടുകളിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നതായി അന്വേഷണസംഘത്തിന് വ്യക്തമായി.















