ഛത്തീസ്ഗഢിന് പിന്നാലെ മഹാരാഷ്‌ട്രയിലും കമ്യൂണിസ്റ്റ് ഭീകരത അന്ത്യശാസം വലിക്കുന്നു. സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം മല്ലൗജുല വേണുഗോപാൽ റാവു ഉൾപ്പെടെ 60 ഭീകരർ ആയുധം വച്ച് കീഴടങ്ങി. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ വച്ചാണ് സംഘം കീഴടങ്ങിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ ഗാഡ്ചിരോളി ജില്ല പതിറ്റാണ്ടുകളായി ചുവപ്പ് ഭീകരതയുടെ ശക്തികേന്ദ്രമാണ്. 2026 മാർച്ചോടെ രാജ്യത്ത് നക്സലിസം തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ശക്തമായ നക്സൽ വിരുദ്ധ ഓപ്പറേഷനുകൾക്കാണ് ചുവപ്പ് ഇടനാഴികൾ സാക്ഷ്യം വഹിച്ചത്.
അടുത്തിടെ വെടിനിർത്തൽ ആവശ്യവുമായി ഭീകരർ രംഗത്തെത്തിയിരുന്നു. ഭീകരരുടെ ഒരു ഉപാധിക്കും വഴങ്ങില്ലെന്നും ആയുധം താഴെ വയ്‌ക്കുന്നവർക്ക് നേരെ സുരക്ഷാ സേന ഒരു വെടിയുണ്ട പോലും പ്രയോഗിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെ ജീവഭയമാണ് കൂട്ടത്തോടെയുള്ള കീഴടങ്ങലിന് പിന്നിൽ എന്ന് വ്യക്തം.















