ന്യൂഡൽഹി: പഞ്ചാബിൽ പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള പത്ത് പേർ അറസ്റ്റിൽ. ലുധിയാനയിൽ തിരക്കേറിയ നഗരഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരാണ് പിടിയിലായത്. ഐഎസ്ഐ ചാരസംഘടനയുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. പഞ്ചാബ് പൊലീസിന് ലഭിച്ച കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാക് ചാരന്മാരെ കണ്ടെത്തിയത്.
പിടികൂടിയവരിൽ നിന്ന് ചൈനീസ് നിർമിത ഹാൻഡ് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു. വിദേശ ഹാൻഡ്ലർമാർ വഴിയാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറിയർമാരായും മറ്റും സഹായങ്ങൾ ചെയ്തുകൊടുത്തവരെയും പിടികൂടിയിട്ടുണ്ട്.
ജനത്തിരക്കുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്താനാണ് ഐഎസ്ഐ ചാരസംഘടന നിർദേശം നൽകിയത്. ഇത് പ്രകാരം പദ്ധതി തയാറാക്കുകയായിരുന്നു സംഘം. വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചതെന്ന് ലുധിയാന പൊലീസ് കമ്മീഷണർ വ്യക്തമാക്കി. തുടർന്ന് വേഗത്തിലുള്ള നടപടിക്കായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.
അന്വേഷണം പിന്നീട് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്നവരിലേക്ക് നീങ്ങി. ഇവർ മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















