ന്യൂഡൽഹി: ദുബായിൽ നടന്ന വ്യോമാഭ്യാസത്തിനിടെ വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമാൻഷ് സയിലിന് വിട നൽകി വ്യോമസേന. നമാൻഷിന് അവസാനമായി സല്യൂട്ട് ചെയ്തുകൊണ്ട് ഭാര്യയും വിംഗ് കമാൻഡറുമായ അഫ്ഷാൻ എല്ലാവരുടെയും കണ്ണുനനയിച്ചു. ഹിമാചൽപ്രദേശിലെ കാംഗ്രയിലാണ് അന്ത്യകർമങ്ങൾ നടന്നത്. ആയിരക്കണക്കിന് ആളുകൾ ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകിയത്.
തന്റെ ഭർത്താവും സഹപ്രവർത്തകനുമായ നമാൻഷിന് അഫ്ഷാൻ കണ്ണീരിൽകുതിർന്ന യാത്രാമൊഴി നൽകി. കണ്ടുനിന്ന എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. ആറ് വയസുകാരിയായ മകളും മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ കരച്ചിൽ ചുറ്റുംനിന്നവരെയും കണ്ണീരണിയിച്ചു. വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും അന്ത്യകർമത്തിൽ പങ്കെടുത്തു.
ദുബായ് വേൾഡ് സെൻട്രലിലെ അൽ മുക്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മുകളിൽ പറക്കുന്നതിനിടെയാണ് തേജസ് യുദ്ധവിമാനം തകർന്നുവീണത്. യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.















