കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജിവയ്‌ക്കണോ വേണ്ടായോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും പാർട്ടിയുടെ സർവ്വനാശത്തിന് ഈ വിഷയം കാരണമായിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രശ്നം ഉടലെടുത്ത സമയത്ത് പൊതുസമൂഹത്തിൽ രാഹുൽ പുണ്യാളന്റെ വേഷമാണ് അണിഞ്ഞിരുന്നത്. ആ പൊയ്മുഖം ഇപ്പോൾ അഴിഞ്ഞുവീണു. തന്റെ പേരിൽ കേസില്ലാത്ത സ്ഥിതിക്ക് എന്തിന് രാജിവെക്കണമെന്ന് ചോദിച്ച രാഹുലിനെതിരെ ഇപ്പോൾ കേസുണ്ട്. മഷിയിട്ടാൽ പോലും കാണാത്തവിധം ഇയാൾ ഇപ്പോൾ ഒളിവിലാണ്.
ഒരാളെയല്ല, പല സ്ത്രീകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് രാഹുൽ. ഒരു യുവതി പരാതി നൽകിയ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തനനെ തീരുമാനിക്കട്ടെ. തകർന്ന് തരിപ്പണമായി ആളുകളെല്ലാം ചവിട്ടിതേയ്‌ക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇതിന്റെ ഉത്തരവാദി രാഹുൽ മാങ്കൂട്ടത്തിലാണ്. തന്റെ തെറ്റുകളിൽ പശ്ചാത്താപമുണ്ടെങ്കിൽ രാഷ്‌ട്രീയ വനവാസത്തിന് പോകുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.















