എവിടെ തിരിഞ്ഞാലും നാമിന്ന് കേൾക്കുന്നൊരു വാക്കാണ് ജെൻസി. 1997 -നും 2012 നും ഉള്ളിൽ ജനിച്ചവരെയാണ് ജെൻസി എന്ന് വിശേഷിപ്പിക്കുന്നത്. വ്യത്യസ്ത കാഴ്ചപ്പാടുകളോടെ ഡിജിറ്റൽ യുഗത്തിൽ വളർന്നവരാണ് നമ്മുടെ ജെൻസി തലമുറ. നൈറ്റ് ക്ലബുകളിലൂടെ സമയം കളയുന്നവർ, ഡിജെ പാർട്ടികളിലൂടെയും റാപ്പ് പ്രോഗ്രാമുകളിലൂടെയും ആനന്ദം കണ്ടെത്തുന്നവർ. എന്നാൽ നമ്മുടെ ഈ ഊഹങ്ങൾ തെറ്റെന്നാണ് അവർ തന്നെ പറയുന്നത്.
ജെൻസിക്ക് ഏറ്റവും ഇഷ്ടം ഭജനകളാണ്. ഭക്തിഗാനങ്ങൾ ആസ്വദിക്കാനും പാടാനുമാണ് അവർ സമയം കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ പ്രായമായവർ നെഞ്ചോട് ചേർത്തുപിടിച്ച ഭജനകളും കീർത്തനങ്ങളും ഇന്ന് യുവതലമുറ ഏറ്റെടുത്തിരിക്കുകയാണ്. ഡിജെ പാർട്ടികൾ അപ്പാടെ ഉപേക്ഷിച്ച് ഭജനകൾ കേൾക്കാനും ആസ്വദിക്കാനുമാണ് അവർ താത്പര്യപ്പെടുന്നത്.
പഴയ ഭജന വീണ്ടും ആളുകൾക്കിടയിൽ സജീവമാകുമ്പോൾ ഏറ്റവുമധികം സ്വീകാര്യത നൽകുന്നത് യുവതലമുറ തന്നെയെന്നത് ഏവരെയും അതിശയിപ്പിക്കുന്നു. ഭക്തിഗാനസദസുകളും കച്ചേരികളുമൊക്കെ സമാധാനമായി ആസ്വദിക്കാനും ഒപ്പം പാടാനുമൊക്കെ അവർ ആഗ്രഹിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽമീഡിയയിൽ വൈറാലാകുന്ന നന്ദഗോവിന്ദൻ ഭജൻസിന്റെ പരിപാടികൾ. അവിടെ കാണുന്ന ജനത്തിരക്കും ആഹ്ലാദപ്രകടനവും വെറെ തന്നെയാണ്. മുതിർന്ന ആളുകളേക്കാൾ കൂടുതൽ യുവതലമുറയാണ് നന്ദഗോവിന്ദൻ ഭജൻസിന്റെ ആസ്വാദകർ.
റാപ്പ് ഗാനങ്ങൾ കേട്ടിരുന്നവർ ഇന്ന് എംജി ശ്രീകുമാറിന്റെയും യേശുദാസിന്റെയും കലാഭവൻമണിയുടെയുമൊക്കെ പഴയ ഭക്തിഗാനങ്ങളാണ് കേൾക്കുന്നത്. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും പഴയ ഭക്തിഗാനങ്ങൾ ശ്രദ്ധേയമാകുന്നു. അത്തരം പാട്ടുകൾ നൽകുന്ന പോസ്റ്റീവ് എനർജി മറ്റൊന്നിനുമില്ലെന്നാണ് ജെൻസിയുടെ ഭാഷ്യം.
ചെവിപൊട്ടുന്ന റാപ്പ് ഗാനങ്ങളിലും ഡിജെ മ്യൂസിക്കുകളിലും നിന്ന് ഒഴിഞ്ഞ് മനസിന് സമാധാനം നൽകുന്ന നിമിഷങ്ങൾ തേടിപോവുകയാണ് നമ്മുടെ ജെൻസി. ഭജനസദസുകളിൽ ഇരിക്കുമ്പോൾ ടെൻഷനും സ്ട്രെസും കുറയ്‌ക്കുന്നുവെന്നും തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു റിലാക്സേഷന് വേണ്ടിയാണ് ഭക്തിഗാനങ്ങൾ കേൾക്കുന്നതെന്നുമാണ് ജെന്സി പീപ്പിൾസ് പറയുന്നത്.















