ന്യൂഡൽഹി: അഹമ്മദാബാദിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള 195 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. 195 കുടിയേറ്റക്കാരിൽ 122 പേർ പൗരത്വ (ഭേദഗതി) നിയമത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പൗരത്വത്തിന് അർഹരായത്. ബാക്കി 73 പേർ ജില്ലാ കളക്ടറുടെ ഓഫീസ് വഴിയാണ് പൗരത്വത്തിന് അപേക്ഷിച്ചത്. അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഹർഷ് സംഘവിയാണ് പൗരത്വ രേഖകൾ വിതരണം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 195 അഭയാർത്ഥികൾ ഇന്ത്യൻ പൗരന്മാരായെന്ന് ഹർഷ് സംഘവി പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപാണ് ഇവർ ഇന്ത്യയിലെത്തിയത്. പൗരത്വ (ഭേദഗതി) നിയമത്തിലൂടെ അവർ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
1956 ൽ ഇന്ത്യയിലേക്ക് കുടിയേറിയ ഗൈനക്കോളജിസ്റ്റായ ഡോ. മഹേഷ്കുമാർ പുരോഹിത് പാസ്‌പോർട്ട് എടുക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് ഔദ്യോഗിക പൗരത്വം ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം സിഎഎ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപ് ഒഡീഷയിലെ നബരംഗ്പൂരിൽ താമസിക്കുന്ന 35 കുടിയേറ്റക്കാർക്ക് 2019 ലെ സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു.















