ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്പെയിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പങ്കുവെച്ച വികാരഭരിതമായ സന്ദേശം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാകുന്നു. സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മെസിയുടെ വാക്കുകള്‍, ലോകകപ്പിന് ശേഷം താരം അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തിപകര്‍ന്നിരിക്കുകയാണ്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയുടെ നായകന്‍, ഫൈനലിന് മുമ്പ് സഹതാരങ്ങളുടെ സമ്മര്‍ദം കുറയ്‌ക്കുകയും ടീമിന്റെ ഐക്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സന്ദേശമാണ് പങ്കുവെച്ചത്.
‘ഈ വര്‍ഷങ്ങളിലുടനീളം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല ഏറ്റവും മനോഹരമായത്. ഒരുമിച്ച് നടത്തിയ യാത്രയാണ് ഏറ്റവും വിലപ്പെട്ടത്. ഓരോ ദിവസവും ഈ ടീമിനൊപ്പം ജീവിക്കാനും, ഒരുമിച്ച് പോരാടാനും, വീണിടത്ത് നിന്ന് വീണ്ടും ഉയരാനും, ഓരോ നിമിഷവും ആസ്വദിക്കാനും കഴിഞ്ഞു. ഈ സംഘത്തെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ അധ്വാനിച്ച സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും നന്ദി. നാളെ എന്ത് സംഭവിച്ചാലും ആരും മായ്‌ക്കാനാവാത്ത ഒരു ചരിത്രം നമ്മള്‍ ഇതിനകം എഴുതിക്കഴിഞ്ഞു. വാമോസ് അര്‍ജന്റീന!’ മെസി കുറിച്ചു.
ടീമിനെ ഒരു ‘കുടുംബം’ എന്നാണ് മെസി വിശേഷിപ്പിച്ചത്. ഫൈനലിലെ ഫലം എന്തായാലും അര്‍ജന്റീന ഈ ടൂര്‍ണമെന്റില്‍ സൃഷ്ടിച്ച ചരിത്രം ആരും മായ്‌ക്കില്ലെന്ന ആത്മവിശ്വാസമാണ് നായകന്‍ പങ്കുവെച്ചത്. 39-കാരനായ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും സ്പെയിനെതിരായ ഫൈനലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭാവിയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവിലെ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും മെസി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ അര്‍ജന്റീനയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയ മെസി ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും അദ്ദേഹം ഇപ്പോഴും ശക്തമായ മത്സരത്തിലാണ്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ സ്പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍, കിരീടപ്പോരിനൊപ്പം മെസിയുടെ ഭാവിയും ലോക ഫുട്‌ബോളിന്റെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.















