ഇടുക്കി : കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുൻ എം എൽ എ ഇ എം അഗസ്തി. ഇനി മുതൽ പൊതുവേദികളിൽ ഉണ്ടാകില്ല എന്നും മനഃപൂർവം അല്ലാത്ത വീഴ്ചകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇ എം അഗസ്തി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
“കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എന്റെ രാഷ്‌ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു.ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.”
നിയമസഭയിലെ പരാജയത്തിന് പിന്നാലെയാണ് കട്ടപ്പന നഗരസഭയിലും ഇഎം അഗസ്തിയെ ജനം കൈവിട്ടത്. മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് ഇ.എം. അഗസ്തി. കട്ടപ്പന നഗരസഭ 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഗസ്തി എൽഡിഎഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു.















