തൃശൂർ: ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കിന്റെ ഭാഗമായി പച്ചപുതച്ച വാവരുപള്ളി നിർമിച്ചതിൽ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രനടയിൽ വാഴപ്പിണ്ടിക്കൊണ്ട് താൽക്കാലികമായാണ് വലിയ വാവരുപള്ളി ഒരുക്കിയത്. മുകൾഭാഗം പച്ചത്തുണികൊണ്ട് അലങ്കരിച്ച് പള്ളിയുടേതിന് സമാനമായി ചന്ദ്രക്കലയും താഴികക്കുടവും ക്ഷേത്രത്തിൽ നിർമിച്ചിട്ടുണ്ട്.
മലബാർ ദേവസ്വത്തിന് കീഴിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുറെ വർഷങ്ങളായി അയ്യപ്പൻ വിളക്കിന്റെ ഭാഗമായി വാവര് പള്ളി കെട്ടുമായിരുന്നെങ്കിലും പച്ചത്തു ണി അടക്കമുള്ള അലങ്കാരങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഭക്തർ ചൂണ്ടിക്കാട്ടുന്നു. മുൻവർഷങ്ങളിലേത് പോലെ ഇതിന് സമീപത്തായി ദേവിയുടെയും അയ്യപ്പന്റെയും താൽക്കാലിക ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും അതിന് യാതൊരു അലങ്കാരവുമില്ല, കൂടാതെ ഇവയുടെ വലിപ്പം വാവര് പള്ളിയേക്കാൾ ചെറുതാണ്.
വാവര് പള്ളിക്ക് മാത്രം എന്തുകൊണ്ടാണ് ദേവസ്വം ബോർഡ് ഇത്രയും പരിഗണന നൽകുന്നത് എന്നാണ് ഭക്തരുടെ ചോദ്യം. കൊല്ലം മുതുപ്പിലാക്കാട് ക്ഷേത്രത്തിനു മുൻപിൽ ഇട്ട അത്തപൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് പിന്നാലെയുണ്ടായ കേസും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.















