തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന്‍ പി ടി കുഞ്ഞു മുഹമ്മദിനെതിരെ പൊലീസ് റിപ്പോർട്ട്. പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് പറയുന്നു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ്’ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഐഎഫ്എഫ്കെ ജൂറി ചെയര്‍മാനായ കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഫ്‌ഐആര്‍.കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞു മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗരത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി.















