ന്യൂ ഡൽഹി : ഭാരതീയ ജനത പാർട്ടിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ആയി നിതിൻ നബീൻ ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഒരുക്കിയ വിപുലമായ ചടങ്ങിലാണ് അദ്ദേഹം പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജെപി നദ്ദയും അമിത ഷായും മറ്റു പ്രമുഖ നേതാക്കളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ. ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി ബോർഡ് ആണ് ഞായറാഴ്ച നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
45 വയസുകാരനായ ഇദ്ദേഹം നിലവിൽ ബീഹാറിലെ പിഡബ്ല്യുഡി മന്ത്രിയും പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള എംഎൽഎയുമാണ്. മുൻ യുവമോർച്ച ദേശീയ സെക്രട്ടറി ആയ നിതിൻ നബീൻ നാല് തവണയായി എംഎൽഎ ആണ്. എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച നിതിൻ 2010 ൽ തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.















