എറണാകുളം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവർദ്ധനും അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ എത്തിച്ചാണ്
വേർതിരിച്ചെടുത്തത്. അതിനാൽ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സ്മാർട്ട് ക്രിയേഷൻസ് ഉടമയ്‌ക്കും പങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തി.
ശബരിമല സ്വർണക്കൊള്ളയിലൂടെ പങ്കജ് ഭണ്ഡാരിയും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇതിനെ തുടർന്നാണ് പങ്കജിനെ അറസ്റ്റ് ചെയ്തത്. രണ്ട് തവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് ആദ്യം പങ്കജ് ഭണ്ഡാരിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്വർണം വേർതിരിച്ചെടുക്കുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചവരാണ് പങ്കജും ഗോവർദ്ധനും.















