ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയിലെ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. ആലപ്പുഴയിൽ മാത്രം 19,811 പക്ഷികളെയാണ് കൊല്ലുക. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് നടപടി. കോഴി, താറാവ്, കാട എന്നിവയും ഇതിൽ ഉൾപ്പെടും.
നിലവിൽ ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.
ആലപ്പുഴ നെടുമുടിയിൽ കോഴികൾക്കും ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നിവിടങ്ങളിൽ താറാവുകളിലുമാണ് രോഗബാധ. കോട്ടയത്ത് കുറുപ്പുന്തറ, മാഞ്ഞൂർ എന്നിവിടങ്ങളിലെ കാടകൾക്കും കല്ലുപുരയ്‌ക്കൽ, വേളൂർ എന്നിവിടങ്ങളിൽ കോഴികൾക്കുമാണ് രോഗബാധ. ദേശാടനപ്പക്ഷികളുടെ വരവാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഭോപ്പാൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എവിയൻ ഇൻഫ്ലുവൻസ (എച്ച് 5എൻ1) സ്ഥിരീകരിച്ചത്.















