ധാക്ക: ഇന്ത്യ വിരുദ്ധനായ മതമൗലികവാദി നേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ആരോപണവുമായി മുഖ്യപ്രതി ഫൈസൽ കരീം മസൂദ് രംഗത്ത്. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് ആരോപിച്ച ഫൈസൽ കരീം മസൂദ്, ദുബായിലാണ് പ്രത്യക്ഷപ്പെട്ടത്.
“ഞാനല്ല ഹാദിയെ കൊന്നത്. ഞാനും എന്റെ കുടുംബവും കുടുങ്ങിക്കിടക്കുകയാണ്. രാഷ്‌ട്രീയ വേട്ടയില് നിന്ന് രക്ഷപ്പെടാനാണ് ഞാന് ദുബായില് വന്നത്,” ഇന്ത്യയില് അഭയം തേടിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കൊണ്ട് മസൂദ് പറഞ്ഞു.
ജമാഅത്തിന്റെ ഉല് പ്പന്നമാണ് ഹാദി. ജമാഅത്തികളാണ് കൊലപാതകത്തിന് പിന്നിൽ. ഹാദിയുമായി പ്രൊഫഷണൽ, രാഷ്‌ട്രീയ ഇടപാടുകൾ ഉണ്ടായിരുന്നു. തനിക്ക് ഐടി സ്ഥാപനമുണ്ട്. സർക്കാരിൽ നിന്നും കരാർ നേടി തരാമെന്ന് പറഞ്ഞ് ഹാദി സംഭാവന വാങ്ങിയിരുന്നുവെന്നും ഫൈസൽ കരീം മസൂദ് പറഞ്ഞു.
ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ഫൈസൽ കരീം മസൂദ്, അലംഗീർ ഷെയ്ഖ് എന്നിവർ മേഘാലയയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഹലുവാഘട്ട് അതിര് ത്തി വഴിയാണ് മസൂദ് ഇന്ത്യയില് പ്രവേശിച്ചതെന്നായിരുന്നു ഇവരുടെ വാദം.
ഫൈസൽ കരീം മസൂദ് ദുബായിലാണെന്ന് വ്യക്തമായതോടെ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഇടക്കാല ഭരണകൂടത്തിന്റെ ശ്രമമാണ് പാളിയത്. പൊതു തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമമാണ് നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഫൈസൽ കരീം മസൂദിന്റെ വെളിപ്പെടുത്തൽ. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിലാണ് ഇയാൾ ഇപ്പോൾ ദുബായിലുള്ളത്.















