തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗകേസിലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ പുരുഷാവകാശ പ്രവർത്തകൻ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് രാഹുല്‍ ഈശ്വര്‍ ഹർജിയിൽ പറയുന്നു.
അപമാനിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത പരാതി നല്‍കിയിരുന്നു . രാഹുൽമാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ കഴിഞ്ഞ ദിവസം രാഹുൽ വീണ്ടും വീഡിയോ ചെയ്തിരുന്നു. പരാതിക്കാരി വ്യാജ അതിജീവിതയെന്നും ഇയാൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വീഡിയോകൾ ചെയ്യരുതെന്നായിരുന്നു സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥ.
പ്രത്യേക അന്വേഷണസംഘം മേധാവി എസ് പി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് കൈമാറിയത്. തുടർന്നാണ് കേസ് രെജിസ്റ്റർ ചെയ്തത്.















