മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ അപകീർത്തിപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ചതിന് പരസ്യമായി മാപ്പുപറഞ്ഞ് ഇന്ത്യയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ശിവാജി മഹാരാജിന്റെ 13-ാം തലമുറക്കാരനായ ഉദയൻരാജ ബോസാലയോടാണ് മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രങ്ങളിലാണ് ക്ഷമാപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കൻ എഴുത്തുകാരന്‍ ജെയിംസ് ലെയ്ൻ എഴുതിയ ‘ശിവാജി: ഹിന്ദു രാജാവ് ഇസ്ലാമിക് ഇന്ത്യയിൽ’ എന്ന പുസ്തകത്തിലാണ് അപകീർത്തികരമായ പ്രസ്താവനകളുള്ളത്. 2003 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചരിത്രത്തിന്റെയോ രേഖകളുടെയോ പിൻബലമില്ലാതെയായിരുന്നു പുസ്തകം എന്ന് അന്ന് തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു.
2004 ജനുവരിയിൽ പുണെയിലെ ഭണ്ഡാർകരണ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകത്തിലെ പല കാര്യങ്ങളും കെട്ടിചമച്ചതാണെന്ന് കാണിച്ച് പര്യസമായി രംഗത്ത് വന്നിരുന്നു.
ഉദയൻരാജ ഭോസാലേയ്‌ക്കും പൊതുസമൂഹത്തിനും ഉണ്ടാക്കിയ വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും ക്ഷമാപണം അറിയിക്കുന്നുവെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് മാപ്പപേക്ഷയിൽ പറഞ്ഞു. ക്ഷമാപണം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിലെ മുൻ മാനേജിംഗ് ഡയറക്ടർ സൈനീദ് മൻസാർ ഖാൻയുടെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.















