തൃശൂർ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദീർഘകാലം പുഷ്പാഞ്ജലി സ്വാമിയാർ ആയിരുന്ന മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി സ്വാമിയാർ സമാധിയായി. 90 വയസായിരുന്നു. ഞായറാഴ്ച രാത്രി 9.15 നായിരുന്നു സമാധി. തൃശ്ശൂർ നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ ആയിരുന്നു അദ്ദേഹം. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരാചാര്യർ തൃശ്ശൂരിൽ സ്ഥാപിച്ച പുരാതനമായ മഠമാണ് നടുവിൽ മഠം.
1935 സപ്തംബർ 14ന് മറവഞ്ചേരി തെക്കേടത്തു ചിത്രൻ നമ്പൂതിരിപ്പാടിന്റെയും നീലി അന്തർജ്ജനത്തിന്റെയും പുത്രനായി ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.
വേദാന്തത്തിലും പുരാണേതിഹാസങ്ങളിലും ജ്യോതിഷത്തിലും മഹാപണ്ഡിതൻ ആയിരുന്ന അദ്ദേഹം നല്ലൊരു കവി കൂടിയായിരുന്നു. ധാരാളം ശ്ലോകങ്ങളും മുക്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ശ്രീ ശങ്കര പരമ്പരയിലെ ഏറ്റവും മുതിർന്ന സന്യാസി കൂടിയാണ് നീലകണ്ഠഭാരതികൾ. 2001 ജൂലൈ ഒന്നിന് അദ്ദേഹം നടുവിൽ മഠത്തിലെ മേപ്പൊയിലത്ത് അഷ്ടമൂർത്തി ഭാരതി സ്വാമിയാരിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു. 2002 ൽ മേപ്പോയില്ലം അഷ്ടമൂർത്തി ഭാരതികളുടെ സമാധിയെ തുടർന്ന് നടുവിൽ മഠം മൂപ്പിൽ സ്വാമിയാരായി അവരോധിക്കപ്പെടുകയായിരുന്നു.
2021 ജൂലൈ 25 വരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാറായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് കൂടി അംഗമായ എട്ടരയോഗത്തിന്റെ അദ്ധ്യക്ഷൻ പുഷ്പാഞ്ജലി സ്വാമിയാരാണ്. ആചാരപരമായ കാര്യങ്ങളിൽ എട്ടരയോഗത്തിന് ഇപ്പോഴും നിർണ്ണായകമായ സ്ഥാനമുണ്ട്
വിഖ്യാത ഭാഗവത പ്രഭാഷകന്മാരായ ഒറവങ്കര അച്യുത ഭാരതി സ്വാമിയാരും മാടശ്ശേരി പാർത്ഥസാരഥി ഭാരതി സ്വാമിയാരും മറവഞ്ചേരി സ്വാമിയാരുടെ ശിഷ്യന്മാരാണ്. ഒറവങ്കര സ്വാമിയാരാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇപ്പോഴത്തെ പുഷ്പാഞ്ജലി സ്വാമിയാർ.















